03:56am 11 November 2026
NEWS
തിരുവനന്തപുരത്തെ വ്യാജ ബോംബ് ഭീഷണിക്കേസ് ഡല്‍ഹി സ്വദേശി അറസ്റ്റില്‍
24/07/2025  07:44 PM IST
സണ്ണി ലുക്കോസ്
തിരുവനന്തപുരത്തെ വ്യാജ ബോംബ് ഭീഷണിക്കേസ് ഡല്‍ഹി സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം : വ്യാജ ബോംബ് ഭീഷണിക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ ശര്‍മ (39) എന്ന യുവാവിനെ മൈസൂര്‍ പൊലീസാണ് പിടികൂടിയത്. 

ഇയാളെ തിരുവനന്തപുരം സൈബര്‍ പൊലീസിന് കൈമാറി. ഇമെയില്‍ വഴിയാണ് തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ മേഖലകളിലെല്ലാം ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ചത്. 

തിരുവനന്തപുരം വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, രാജ് ഭവന്‍ തുടങ്ങിയ ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചയാളാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വ്യാജ ബോംബ് ഭീഷണികളയച്ച് ഇയാള്‍ ജമ്മു കശ്മീര്‍ പൊലീസിനെയും വട്ടംചുറ്റിച്ചിട്ടുണ്ടെന്നാണ് വിവരം.

ഡല്‍ഹി പൊലീസ് സ്‌റ്റേഷന്റെ സമീപത്താണ് നിതിന്‍ ശര്‍മ താമസിച്ചിരുന്നത്. ചുരുങ്ങിയ കാലത്തിനിടയില്‍ സംസ്ഥാനത്തുണ്ടായ നാല്‍പ്പത് വ്യാജ ബോംബ് ഭീഷണികളില്‍ അഞ്ചെണ്ണം നിതിന്‍ ശര്‍മ്മ നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 

ഇമെയില്‍ വഴിയായിരുന്നു ബോംബ് ഭീഷണി സന്ദേശങ്ങളെല്ലാം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനെയടക്കം കൊണ്ടുവന്ന് പരിശോധന നടത്തുകയും ബോംബില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം വിമാനത്താവളവും രാജ് ഭവനും മുതല്‍ പൊലീസ് സ്‌റ്റേഷനിലടക്കം വ്യാജ സന്ദേശങ്ങള്‍ വന്നിരുന്നു. കൂടുതല്‍ ഇമെയിലുകള്‍ അയച്ചത് ഇയാളാണോ എന്നതിലും വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ സംഘങ്ങളുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img